അടയ്ക്കുക

റവന്യൂ

സര്‍ക്കാര്‍ വകുപ്പുകളുടെ മാതൃവകുപ്പായ റവന്യൂ വകുപ്പ് യാഥാസ്ഥിതിക ഭരണ ശൈലികളില്‍ നിന്നും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നവീന ഭരണക്രമ ങ്ങളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിരവധി ഭരണനിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് നിര്‍വ്വഹിച്ചു വരുന്നു. റവന്യൂ വരുമാനം, ഭൂമിസംരക്ഷണം, ഭൂവിനിയോഗം, ഭൂമി വിതരണം, ദുരന്തനിവാരണം, തിരഞ്ഞെടുപ്പ്, കാനേഷുമാരി, പൌരാവകാശസംരക്ഷണം, സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍, സാമൂഹ്യനീതി, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ഭൂരേഖാസംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഈ വകുപ്പില്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തു വരുന്നു. സേവന മേഖല കൂടുതല്‍ ശക്തവും സുതാര്യവും ആക്കുന്നതിന് റവന്യൂ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

റവന്യൂ വകുപ്പ് മേധാവി ലാന്‍ഡ് റവന്യൂ കമ്മീഷണറാണ്. ജോയിന്റ് കമ്മീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, സര്‍വ്വെയും ഭൂരേഖയും ഡയറക്ടര്‍, എസ്.ഡി.എം.എ ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, ഫിനാന്‍സ് ഓഫീസര്‍മാര്‍, വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഹൈക്കോടതി ലെയ്സണ്‍ ഓഫീസര്‍ എന്നിവര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ ഭരണനിര്‍വഹണത്തില്‍ സഹായിക്കുന്നു. ജില്ലാ റവന്യൂ ഭരണ സംവിധാനം നിയന്ത്രിക്കുന്നത് ജില്ലാ കളക്ടറാണ്. ഡെപ്യൂട്ടി കളക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ / സബ് കളക്ടര്‍, തഹസീല്‍ദാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍ എന്നിവര്‍ ജില്ലാ കളക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. താലൂക്ക് തലത്തില്‍ തഹസീല്‍ദാര്‍ / അഡീഷണല്‍ തഹസീല്‍ദാരും, വില്ലേജ് തലത്തില്‍ വില്ലേജ് ഓഫീസറുമാണ് റവന്യൂ ഭരണം നിര്‍വഹിക്കുന്നത്. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. റവന്യൂ വകുപ്പിന്റെ കീഴില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി വരുന്ന സ്വയംഭരണസ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസ്സാസ്റ്റര്‍ മാനേജ്മെന്റ്.

റവന്യൂ ദിനം

എല്ലാ വര്‍ഷവും ഫെബ്രുവരി 24 റവന്യൂ ദിനമായി ആഘോഷിച്ചു വരുന്നു. 1886 ഫെബ്രുവരി 24 ലെ ട്രാവന്‍കൂര്‍ സെറ്റില്‍മെന്റ് വിളംബരത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിവസം.

ഭരണഭാഷ – മലയാളം

മാതൃഭാഷയായ മലയാളമാണ് റവന്യൂ വകുപ്പിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിട്ടുള്ളത്. ഭരണരംഗത്ത് സുതാര്യതയും ജനപങ്കാളിത്തവും നിലനിര്‍ത്താന്‍ ജനങ്ങളുടെ ഭാഷയില്‍ തന്നെ ഭരണം നടത്തണമെന്നത് നിസ്തര്‍ക്കമായ സംഗതിയാണ്. ഭരണഭാഷ പ്രയോഗ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് വകുപ്പുതലത്തില്‍ ഔദ്യോഗിക ഭാഷാ സമിതി പ്രവര്‍ത്തിച്ചു വരുന്നു. ഔദ്യോഗിക ഭാഷാവകുപ്പില്‍ നിന്നും എല്ലാ വര്‍ഷവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവിധ ഭരണഭാഷാ സേവന പുരസ്ക്കാരങ്ങള്‍ നല്‍കി വരുന്നു. സെപ്റ്റംബര്‍ മാസത്തിലാണ് പുരസ്ക്കാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വ്യവഹാര നയം

സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള വ്യവഹാരനയം റവന്യൂ വകുപ്പില്‍ അനുവര്‍ത്തിച്ചു പോരുന്നു. കാതലായ നിയമ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളാത്ത തര്‍ക്കങ്ങള്‍ ഭരണതലത്തില്‍ തന്നെ പരിഹിരക്കുന്നതിനുള്ള ശ്രമങ്ങള്‍ റവന്യൂ വകുപ്പ് നടത്തി വരുന്നു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ:

റവന്യൂ വകുപ്പ് , കേരള സർക്കാർ : https://www.revenue.kerala.gov.in/