അടയ്ക്കുക

ജില്ലയെ കുറിച്ച്

ഇന്ത്യയിലെ  തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തിലെ ഒരു ജില്ലയാണ് കോട്ടയം. മധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ കിഴക്ക് ഗംഭീരമായ മലനിരകളുള്ള പശ്ചിമഘട്ടവും, പടിഞ്ഞാറ് വേമ്പനാട് കായലും, കുട്ടനാട്ടിലെ നെൽപ്പാടങ്ങളും അതിര്‍ത്തികളായി വരുന്ന അതുല്യമായ സവിശേഷതകളുള്ള ഭൂപ്രദേശമാണ്. പരന്നുകിടക്കുന്ന കായല്‍പരപ്പുകളും, സമൃദ്ധമായ നെല്‍പ്പാടങ്ങളും, മലമ്പ്രദേശങ്ങളും, മേടുകളും, കുന്നുകളും, വ്യാപിച്ച റബ്ബര്‍മര തോട്ടങ്ങളുമുള്ള ഈ പ്രദേശം നിരവധി ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. ആംഗലേയ ഭാഷയില്‍ കോട്ടയത്തെ ലാന്റ് ഓഫ് ലെറ്റേഴ്സ്, ലെയ്‍ക്സ്,  ആന്‍ഡ് ലാറ്റക്സ് എന്നും വിശേഷിപ്പിക്കാറുണ്ട്. നാണ്യ വിളകളുടെ, പ്രത്യേകിച്ചും റബ്ബറിന്റെ പ്രധാന വിപണന കേന്ദ്രമാണ് കോട്ടയം. ജില്ലയില്‍ ഏക്കറു കണക്കിന്  വ്യാപിച്ചു കിടക്കുന്ന നന്നായി പരിപാലിക്കപ്പെടുന്ന തോട്ടങ്ങളില്‍ നിന്നാണ് ഇന്‍ഡ്യയിലെ സ്വാഭാവിക റബ്ബറിന്റെ ഭൂരിഭാഗവും ഉല്പാദിക്കപ്പെടുന്നത്. റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനവും കോട്ടയത്താണ്. അച്ചടി മാധ്യമത്തിന് കോട്ടയം നല്‍കുന്ന സംഭാവനകള്‍ മൂലം കോട്ടയത്തെ അക്ഷര നഗരി എന്നും വിളിക്കുന്നു.

ഇന്‍ഡ്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ നഗരം കോട്ടയമാണ്. (1989-ല്‍ തന്നെ ഈ അവിസ്മരണീയ ലക്ഷ്യം സാക്ഷാത്ക്കരിച്ചു). തെക്കേ ഇന്‍ഡ്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം കോട്ടയത്തെ പഴയ സെമിനാരിയില്‍ നിന്നും 1813-ലാണ് ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ അച്ചടി ശാലയും 1821-ല്‍ കോട്ടയത്ത് ശ്രീ.ബെഞ്ചമിന്‍ ബെയ്‍ലി സ്ഥാപിച്ചതാണ്. സംസ്ഥാനത്തെ ആദ്യത്തെ കോളേജും 1840-ല്‍ (സി.എം.എസ്.കോളേജ്) കോട്ടയത്ത് ആരംഭിച്ചു. മലയാളം – ഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് യഥാക്രമം 1846 ലും, 1847 ലും കോട്ടയത്തു നിന്നുമാണ്. എഴുത്തുകാരുടെയും, പ്രസാധകരുടെയും സഹകരണമേഖലയിലുള്ള ഏക പ്രസിദ്ധീകരണശാലയും 1945-ല്‍ കോട്ടയത്ത് സ്ഥാപിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ്. പുസ്തകങ്ങളുടെയും, സമകാലിക പ്രസിദ്ധീകരണങ്ങളുടെയും, മാതൃപട്ടണമായ കോട്ടയമാണ് പ്രസിദ്ധീകരണ വ്യവസായത്തിന്റെ സംസ്ഥാനത്തെ കേന്ദ്രം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എക്കോസിറ്റിയായി പരിവര്‍ത്തനപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത ആദ്യ പട്ടണവും കോട്ടയമാണ്. മുന്‍ പ്രസിഡന്റായിരുന്ന കെ.ആര്‍.നാരായണന്റെ ജന്മസ്ഥലവും കോട്ടയമാണ്. മൂന്നാര്‍, പീരുമേട്, തേക്കടി, ക്ഷേത്രനഗരമായ മധുര എന്നിവിടങ്ങളിലേക്കുള്ള യാത്ര ക്രമീകരിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലവും, ശബരിമല, മാന്നാനം, വൈക്കം, ഏറ്റുമാനൂര്‍, ഏരുമേലി, മണര്‍കാട് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ കവാടവും കൂടിയാണ് കോട്ടയം.