കോട്ടയം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ കോട്ട + അകം എന്നാണ്. മുഞ്ഞനാട്, തെക്കന്‍കൂര്‍ ഭരണാധികാരികളുടെ ആസ്ഥാനം ഇപ്പോഴത്തെ കോട്ടയം പട്ടണത്തിലുളള താഴത്തങ്ങാടി ആയിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ തെക്കന്കൂറിനെ ആക്രമിക്കുകയും കൊട്ടാരവും, തളിയില്‍ കോട്ടയും നശിപ്പിക്കുകയും ചെയ്തു. കൊട്ടാരത്തിന്റേയും, കോട്ടയുടേയും അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാന്‍ സാധിക്കും.
വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജി
ഇപ്പോഴത്തെ കോട്ടയം ജില്ല മുന്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. തെക്ക് വടക്ക് എന്ന രണ്ട് റവന്യൂ ഡിവിഷനുകളിലായി ദിവാന് പേഷ്ക്കാര്‍മാരുടെ ഭരണത്തില്‍ കീഴിലായിരുന്ന തിരുവിതാംകൂര്‍ ദേശത്തില്‍ 1868 ല്‍ കൊല്ലം, കോട്ടയം എന്നീ രണ്ടു റവന്യൂ ഡിവിഷനുകള്‍ കൂടി രൂപീകരിക്കുകയും പിന്നീട് കുറച്ച് കാലത്തേയ്ക്ക് ദേവികുളം എന്ന ഡിവിഷന് കൂടി രൂപീകരിക്കപ്പെടുകയും ചെയ്തെങ്കിലും ഈ ഡിവിഷന് കോട്ടയത്തോടു കൂടി ചേര്‍ത്തു. തിരുകൊച്ചി സംയോജന സമയത്ത് (1949) ഈ റവന്യൂ ഡിവിഷനുകളെ ജില്ലകളായി പുനര്‍ നാമകരണം ചെയ്യുകയും ദിവാന് പേഷ്ക്കരന്മാരുടെ സ്ഥാനത്ത് ജില്ലാ കളക്ടര്‍മാര്‍ അവരോഹിതരാകുകയും, അങ്ങനെ 1949 ജൂലൈയില്‍ കോട്ടയം എന്ന ജില്ല രൂപീകൃതമാകുകയും ചെയ്തു.
ആധുനിക കാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ കോട്ടയവും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ തിരുവിതാംകൂറിലെ യുവാക്കള്‍ക്ക് തിരുവിതാംകൂര്‍ സിവില്‍ സര്‍വ്വീസില്‍ മെച്ചപ്പെട്ട പദവികള്‍ ലഭിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭമായ മലയാളി മെമ്മോറിയല്‍ പ്രക്ഷോഭത്തിന്റെ ഉറവിടവും കോട്ടയമായിരുന്നു. പ്രക്ഷോഭസമയത്ത് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിക്കുന്നതിനുളള നിവേദനം തയ്യാറാക്കിയത് കോട്ടയം പബ്ലിക്ക് ലൈബ്രറിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ചാണ്. ഈ സംഭവം ആധുനിക കേരള ചരിത്രത്തിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ നാന്ദിയായി ചരിത്രത്തില്‍ രേഖപ്പെടു ത്തിയിരിക്കുന്നു.
തൊട്ടുകൂട്ടായ്മയ്ക്ക് എതിരായ ഐതിഹാസിക പ്രക്ഷോഭമായ വൈക്കം സത്യാഗ്രഹവും ഇവിടെയാണ് നടന്നത്. പട്ടികജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും ക്ഷേത്ര പ്രവേശനം മാത്രമല്ല ക്ഷേത്ര വഴികളിലൂടെയുളള സഞ്ചാര സ്വാതന്ത്ര്യം പോലും ആ കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ നിഷേധിച്ചിരുന്നു. ഇതിനെതിരായ സത്യാഗ്രഹത്തിന്റെ പ്രതീകാത്മക വേദിയായി വിഖ്യാതമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന വൈക്കം തിരഞ്ഞെടുത്തു. മഹാത്മാഗാന്ധി, ദേശീയ നേതാക്കളായിരുന്ന സി. രാജഗോപാലാചാരി, ആചാര്യ വിനോബാഭാവെ. ഇ.വി. രാമസ്വാമി നായ്ക്കര്‍ എന്നിവര്‍ പങ്കെടുത്ത ഈ സത്യാഗ്രഹം ചരിത്രപരമായി വളരെ പ്രാധാന്യമേറിയതായിരുന്നു.
കെ കേളപ്പൻ – വൈക്കം സത്യാഗ്രഹ സമരത്തിന്റെ നേതാവ്
ജാതി രഹിത ഹിന്ദുക്കള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും സംസ്ഥാന നിയമ സഭയിലേയ്ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നതിനായി മുപ്പതുകളുടെ ആദ്യ കാലഘട്ടത്തില്‍ നടത്തിയ നിവര്‍ത്തന പ്രക്ഷോഭത്തിന് ജില്ലയില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചിരുന്നു.
തിരുവിതാംകൂറില്‍ ഉത്തരവാദിത്വ ഭരണത്തിനു വേണ്ടി സംസ്ഥാന കോണ്‍ഗ്രസ്സ് നടത്തിയ പ്രക്ഷോഭങ്ങളുടെ കേന്ദ്രം കോട്ടയം ആയിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരുടെ പുറത്താക്കപ്പെടലോടു കൂടി ഈ സമരം പര്യവസാനിച്ചു.