അടയ്ക്കുക

പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

താഴത്തങ്ങാടി ജുമാ-മസ്ജിദ്

കേരളത്തിലെ ആദ്യകാല മുസ്ലിം ആരാധാനയങ്ങളിലൊന്ന്. മാലിക്-ബിന്‍-ഹബീബിന്‍റെ കാലത്ത് സ്ഥാപിതമായി എന്ന് കരുതുന്നു. തെക്കുകൂര്‍ ഭരണകാലത്ത് പണിതുയര്‍ത്തിയതാണ് ഇന്ന് കാണുന്ന വാസ്തുവിദ്യാ മികവോട് കൂടിയ ഒറ്റക്കല്ലില്‍ തീര്‍ത്ത ജലസംഭരണി. അറബി ലിഖിതങ്ങളില്‍ ഉള്‍ക്കൊള്ളുന്ന കൊത്തു പണികളും അലങ്കാരപണികളും ശ്രദ്ധേയം. പുരാതനമായ മുസ്ലിം ആരാധാനലയങ്ങളുടെ കേരളീയമായ വാസ്തു വിദ്യാ മാതൃകയാണ് ഈ പള്ളി.

Thazhathangadi Juma Masjid

സെന്‍റ് മേരീസ് കത്തീഡ്രല്‍ മണര്‍കാട്

കോട്ടയം ടൗണില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മലങ്കര ഓര്‍ത്തഡോക്സ് കത്തീഡ്രല്‍. വര്‍ഷത്തിലൊരിക്കല്‍ എട്ടു ദിവത്തെ നീണ്ടു നില്ക്കുന്ന എട്ടു നോമ്പു തിരുനാള്‍ പ്രശസ്തമാണ്.

St. Mary's Church Manarcaud

തിരുനക്കര മഹാദേവക്ഷേത്രം

മധ്യകേരളത്തിലെ 108 ആദരണീയമായ ശിവക്ഷേത്രങ്ങളിലൊന്നും കോട്ടയം നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നതാണ് തിരുനക്കര മഹാദേവ ക്ഷേത്രം. ഏകദേശം 500 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം തെക്കുംകൂര്‍ രാജവാണ് പണികഴിപ്പിച്ചത്. വിവിധ ഹിന്ദു ദേവതകളുടെ അനേകം ശില്പങ്ങളും ചുവര്‍ചിത്രങ്ങളും ഇത് സംരക്ഷിക്കുന്നു. പരശുരാമന്‍ മുനി തന്നെ ഇവിടെ ശിവന്‍റെ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഒരു പൊതു വിശ്വാസം. തെക്കുകൂര്‍ രാജകുടുംബം വിഗ്രഹത്തെ തങ്ങളുടെ പരദേവത ആയി ‘തിരുനനക്കര തേവര്‍’ രൂപത്തില്‍ കണക്കാക്കി.

thirunakkara mahadevar temple

എരുമേലി ജുമാ മസ്ജിദ്( വാവരു പള്ളി)

ഇന്ത്യയിലെ തന്നെ മതസൗഹാര്‍ദ്ദ്തിന്‍റെ നേര്‍ക്കാഴ്ചയാണ് എരുമേലിയിലെ വാവരു പള്ളി. ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാര്‍ അയ്യപ്പന്‍റെ അംഗരക്ഷനായി കരുതുന്ന വാവരു പള്ളിയിലെത്തി ദര്‍ശനം നടത്തിയതിനു ശേഷമേ മലചവിട്ടാറുള്ളൂ.

Vavarupalli erumeli

ഏറ്റുമാനൂര്‍ ശിവക്ഷേത്രം

കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ നഗരഹൃദയത്തില്‍ എം.സി റോഡിന്‍റെ കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. രൗദ്രഭാവത്തിലുള്ള പരമശിവനാണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോര മൂര്‍ത്തിയായും ഉച്ചയ്ക്ക് ശരഭമൂര്‍ത്തിയായും വൈകിട്ട് അര്‍ദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് ആരാധന. ഈ ക്ഷേത്രത്തിന്‍റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും , പ്രാദേശിക കഥകളും പുരാണ വസ്തുതകളുണ്ടെങ്കിലും വ്യക്തമായ ചരിത്ര രേഖകളുടെ കുറവു കാണുന്നുണ്ട്. പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണെന്ന് കരുതി പോരുന്നു. നാലേക്കറില്‍ കൂടുതല്‍ വരുന്ന സ്ഥലത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടാണ് ഏറ്റുമാനൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭമാസത്തില്‍ തിരുവാതിര ആറാട്ടായുള്ള പത്തു ദിവത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷം. ഇവിടുത്തെ ഏഴരപ്പൊന്നാന ദര്‍ശനം പ്രശസ്തമാണ്.

Ettumanoor temple

സെൻറ്. അൽഫോൻസാ ദേവാലയം, ഭരണങ്ങാനം

1945-ൽ ഭരണങ്ങാനം സെന്‍റ് മേരീസ് പള്ളിയുടെ സെമിത്തേരി ചാപ്പലായി പള്ളി പ്രവര്‍ത്തനം ആരംഭിച്ചു. 2008 ല്‍ ഒക്ടോബര്‍ 12 ന് അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ശേഷം സെന്‍റ് അല്‍ഫോന്‍സാ പള്ളി എന്ന പേര് ലഭിച്ചു. എല്ലാ വര്‍ഷവും ജൂലൈ 28 നാണ് സെന്‍റ് അല്‍ഫോന്‍സാമ്മയുടെ മരണം വാര്‍ഷികം ആഘോഷിക്കുന്നത്. ഈ വിരുന്നിന് ആയിരക്കണക്കിന് ഭക്തര്‍ വന്ന് പങ്കെടുക്കുന്നു.

ST.Alphonsa church bharanganam

സെന്‍റ് ജോസഫ് ചര്‍ച്ച് മാന്നാനം

കോട്ടയത്ത് മാന്നാനത്ത് സ്ഥിതി ചെയ്യുന്ന സീറോ-മലബാര്‍ കത്തോലിക്കാ പള്ളിയാണ് മാന്നാനത്തെ സെന്‍റ് ജോസഫ് ചര്‍ച്ച്. സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറയാണ് പള്ളി പണിത്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ അനുയായികള്‍ക്കുള്ള ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് പള്ളി.

StJosephsMonastery Mannanam

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം

കോട്ടയം ടൗണില്‍ നിന്നും 6 കിലോമീറ്റര്‍ മാറി പനച്ചിക്കാട് എന്ന ഗ്രാമപ്രദേശ ത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ദക്ഷിണ മുകാംബിക എന്നറിയപ്പെടുന്ന പ്രധാന സരസ്വതി ക്ഷേത്രം. വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച ക്ഷേത്രം.

Panachikkadu Temple