അടയ്ക്കുക

ഭൂമിശാസ്ത്രം

ആകെ 2208 ച.കി.മീ വിസ്ത്രൃതിയുളള കോട്ടയം ജില്ല പ്രകൃത്യാ തന്നെ മലമ്പ്രദേശം, ഇടനാട്, നിമ്ന പ്രദേശം എന്നിങ്ങനെ വ്യത്യസ്തമായിരിക്കുന്നു. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും ഇടനാട്ടില്‍ ഉള്‍പെടുന്നു. കാഞ്ഞിരപ്പളളി‌, മീനച്ചില്‍ താലൂക്കുകളില്‍ മലമ്പ്രദേശവും, കോട്ടയം, വൈക്കം , ചങ്ങനാശ്ശേരി താലൂക്കുകളില്‍ ഇടനാടും, നിമ്ന പ്രദേശങ്ങളും ആണ്. കാഞ്ഞിരപ്പളളി, മീനച്ചില്‍ താലൂക്കുകളില്‍ ചെങ്കല്ല് കലര്‍ന്നും വൈക്കം താലൂക്കിലും, കോട്ടയം, ചങ്ങനാശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളില്‍ എക്കല്‍ കലര്‍ന്നും മണ്ണിന്റെ ഘടന കാണുന്നു. ജില്ലയില്‍ തീരദേശങ്ങളില്ല.

ഭൂവിനിയോഗ പ്രകാരം ഭൂമിയുടെ തരം തിരിവ്

(അവലംബം : കാർഷിക സ്ഥിതിവിവരക്കണക്ക് 2016-2017)

ഭൂമിയുടെ തരം തിരിവ് ആകെ (ഹെക്ടറിൽ)
വനം 8141
കാര്‍ഷികേതര ഉപയോഗം 28693
കൃഷിയോഗ്യമല്ലാത്ത തരിശുഭൂമി 1083
മേച്ചില്‍ പുറങ്ങളും പുല്‍ത്തകിടിയും 0
പലവക വൃക്ഷങ്ങള്‍ കൃഷി ചെയ്തിട്ടുളള സ്ഥലങ്ങള്‍ 12
കൃഷി യോഗ്യമായ പാഴ് നിലങ്ങള്‍ 7262
തരിശ് അല്ലാത്ത തരിശു സമാനമായ ഭൂമി 2865
തരിശ് ഭൂമി 5019
ആകെ കൃഷിഭൂമി 160621
ഒരുപ്പൂ അല്ലാത്ത കൃഷിയിടം

43716.23

നദികള്‍

മീനച്ചിലാറും , മൂവാറ്റുപുഴയാറും മണിമലയാറുമാണ് ജില്ലയിലെ പ്രധാന നദികള്‍. മീനച്ചില്‍, വൈക്കം, കോട്ടയം താലൂക്കുകളിലായി 78 കി.മീറ്ററോളം നീളത്തില്‍ മീനച്ചിലാര്‍ ഒഴുകുന്നു. 1272 ച.കി.മീ വൃഷ്ടി പ്രദേശവും 1110 ഘന അടി ഉപയോഗ യോഗ്യമായ ജല വിഭവവും മീനച്ചിലാറിലുണ്ട്. പശ്ചിമ ഘട്ടത്തില്‍ നിന്നുമുള്ള അനേകം നീര്‍ച്ചാലുകളില്‍ നിന്നും ഉത്ഭവിക്കുന്ന മീനച്ചിലാര്‍ ഈരാറ്റുപേട്ടയില്‍ വച്ച് പൂഞ്ഞാര്‍ നദി യുമായി യോജിച്ച് ദിശമാറി പടിഞ്ഞാറേയ്ക്ക് ഒഴുകുന്നു. ചിറ്റാറുമായി കൊണ്ടൂൂരു വച്ച് സംഗമിച്ചും പയ്യപ്പാറത്തോടുവച്ച് ളാലം തോടിനെ സ്വീകരിച്ചും തെക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് ഒഴുകി കോട്ടയത്ത് എത്തുന്നു. വേമ്പനാട്ട് കായലുമായി സംഗമിക്കുന്നതിനു മുമ്പായി അനേകം ചെറു ശാഖകളായി പിരിയുന്നു. പാലാ , പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ , കോട്ടയം എന്നീ നഗരങ്ങള്‍ മീനച്ചിലാറിന്റെ നദീതടത്തില്‍ ഉളളവയാണ്. മീനച്ചില്‍ മദ്ധ്യ ജലസേചന പദ്ധതിയില്‍ 9960 ഹെക്ടര്‍ ആയക്കെട്ടും , 155 ച.മീ വൃഷ്ടിപ്രദേശവും 228 ഹെക്ടറില്‍ നീര്‍ത്തടവും ഉണ്ട്.

ഇടുക്കി ജില്ലയില്‍ നിന്നും ഉത്ഭവിച്ച് വൈക്കം താലൂക്കിലൂടെ ഒഴുകി മൂവാറ്റുപുഴയാര്‍ വേമ്പനാട് കായലില്‍ എത്തിച്ചേരുന്നു. നദീതടത്തിലുളള വൈക്കം പട്ടണം പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ്. കാഞ്ഞിരപ്പളളി , ചങ്ങനാശ്ശേരി താലൂക്കുകളിലൂടെ ഒഴുകി , ചിറ്റാറുമായി യോജിച്ച് ആലപ്പുഴ ജില്ലയിലേയ്ക്ക് മണിമലയാര്‍ ഒഴുകുന്നു. നദീതടത്തിലുളള പ്രധാന പട്ടണം ആണ് മുണ്ടക്കയം.