അടയ്ക്കുക

സംസ്കാരവും പൈതൃകവും

കേരളത്തിന്റെ സാംസ്ക്കാരികഭൂപടത്തില്‍ കോട്ടയത്തിന് പ്രമുഖസ്ഥാനമാണുളളത്. പ്രമുഖ ക്ഷേത്ര കലാരൂപമായ ഓട്ടം തുളളലിന്റെ പിതാവായ കുഞ്ചന്‍ നമ്പ്യാര്‍ കിടങ്ങൂരില്‍ ജീവിച്ചിരുന്നതായി വിശ്വസിക്കുന്നു. അതിവിശിഷ്ടമായ ഉണ്ണിനീലി സന്ദേശം എന്ന മലയാള കാവ്യം വടക്കംകൂര്‍ രാജാക്കളില്‍ ഒരാള്‍ രചിച്ചതായി കരുതപ്പെടുന്നു. 18 ഉം 19 ഉം നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ തങ്ങളുടെ വിലയേറിയ സംഭാവനകള്‍ കൊണ്ട് മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കി. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യമായ “വര്‍ത്തമാന പുസ്തകം” 1778-ല്‍ തന്റെ റോമിലേയ്ക്കുളള യാത്രാനുഭവങ്ങളെ കുറിച്ച് പാറേമാക്കല്‍ തോമ കത്തനാര്‍ രചിച്ചതാണ്. മലയാളത്തിലെ ആദ്യത്തെ ആത്മകഥാ ഗ്രന്ഥം 1870 ല്‍ കോട്ടയത്തുനിന്നും ശ്രീ വൈക്കം പാച്ചു മൂത്തത് പ്രസിദ്ധീകരിച്ചു.

19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തിലും പഴയ തിരുവിതാംകൂര്‍ രാജ്യത്തിലെ സാഹിത്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ നാഡീകേന്ദ്രമായി കോട്ടയം പ്രശസ്തമായിരുന്നു. കോട്ടയത്തിന്റെ സാംസ്കാരിക സാമൂഹിക രംഗത്ത് തങ്ങളുടെ മേഖലയില്‍ വിലയേറിയ സംഭാവനകള്‍ നല്‍കിയവരാണ്. യശ:ശരീരരായ സര്‍വ്വശ്രീ കൊട്ടാരത്തില്‍ ശങ്കുണ്ണി , കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള, കേരളവര്‍മ്മ വലിയ കോയി തമ്പുരാന്‍ , കെ.സി മാമന്‍ മാപ്പിള, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, വടക്കുംകൂര്‍ രാജരാജവര്‍മ്മ, കരൂര്‍ നീലകണ്ഠപിളള, വൈക്കം മുഹമ്മദ് ബ‍ഷീര്‍ . ഡി.സി കിഴക്കേമുറി, അഭയ ദേവ് തുടങ്ങിയവര്‍. വിഖ്യാത എഴുത്തുകാരായ പൊന്‍കുന്നം വര്‍ക്കി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, പ്രശസ്ത കവിയായ പാലാ നാരായണന്‍ നായര്‍ , കേള്‍വി കേട്ട കഥകളി നടനായ കുടമാളൂര്‍ കരുണാകരന്‍ നായര്‍ ലോക പ്രശസ്തമായ ബുക്കര്‍ അവാര്‍ഡ് ജേതാവായ അരുന്ധതി റായ് മലയാളത്തിന്റെ മഹാ നടനായ മമ്മൂട്ടി, പ്രഗല്‍ഭ സിനിമ സംവിധായക നായ ജയരാജ് എന്നിവര്‍ കോട്ടയം ജില്ലയില്‍ വേരുകളുളള വ്യക്തിത്വങ്ങളാണ്. പ്രശസ്ത സംഗീത സംവിധായകനായിരുന്ന യശ: ശരീരനായ ശ്രീ. എല്‍.പി.ആര്‍ വര്‍മ്മയും കോട്ടയം സ്വദേശിയാണ്.

വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, അച്ചടിയും , പുസ്തക പ്രസാധനവും എന്നീ മേഖലകളിലും കോട്ടയം ഒന്നാമതാണ്. സാംസ്കാരിക, സാഹിത്യ രംഗങ്ങളില്‍ മലയാള മനോരമ, ഭാഷാ പോഷിണി, ദീപിക എന്നീ സ്ഥാപനങ്ങള്‍ വഹിച്ച പങ്കും വളരെയേറെ പ്രധാനപ്പെട്ടതാണ്. നിരവധി പ്രിന്റിംഗ് പ്രസ്സുകളും പ്രസാധക കമ്പിനികളും ഉളള കോട്ടയത്ത് 1945 ല്‍ സഹകരണ മേഖലയില്‍ ആരംഭിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വേറിട്ട സംരംഭമായി നില കൊളളുന്നു. പ്രശസ്ത പ്രസാധകരായ ഡി.സി. ബുക്ക്സ് 1974 ല്‍ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കറന്റ് ബുക്ക്സിന്റെ ആസ്ഥാനവും 1977 മുതല്‍ കോട്ടയം ആണ്. സംസ്ഥാനത്തെ പ്രസിദ്ധീകരണങ്ങളുടെ 70% വും കോട്ടയത്തു നിന്നാണെന്നാണ് ഏകദേശ കണക്ക്

മാര്‍ഗ്ഗംകളി 

മാര്‍ഗ്ഗംകളി

കോട്ടയത്തിന്റെ തനതായ നാടന്‍ നൃത്ത രൂപങ്ങളാണ് മാര്‍ഗ്ഗംകളിയും അര്‍ജ്ജുന നൃത്തവും. തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രശസ്തമായിരുന്ന കലാരൂപമാണ് മാര്‍ഗ്ഗംകളി. പുരുഷന്‍മാരും സ്ത്രീകളും വെവ്വേറെ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന്റെ സാഹിത്യം സെന്റ് തോമസിന്റെ ജീവിതവുമായി ബന്ധപ്പെട്ടുളളതാണ്. സംഘനൃത്തങ്ങളും ആയോധന കലയായ പരിച മുട്ടു കളിയും ഇതിലുള്‍പ്പെട്ടു വരുന്നു.

 

 

കൂടിയാട്ടം 

കൂടിയാട്ടം

യുനസ്കോ അംഗീകരിച്ച പൈതൃക കലയായ കൂടിയാട്ടം 2000 വര്‍ഷത്തോളം ചരിത്രമുളളതും സംസ്കൃത നാടക കലയുടെ മലയാള പാഠാന്തരവുമാണ്. നിരവധി വിദേശ രാജ്യങ്ങളില്‍ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.