ദാരിദ്ര്യ ലഘൂകരണ വിഭാഗം
ഗ്രാമ വികസന വകുപ്പു മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിയന്ത്രണവും മോണിറ്ററിങ്ങും നടത്തുന്നതിനായി 1979ല്‍ ആരംഭിച്ച ഗ്രാമ വികസന ഏജന്‍സിയാണ് 2001ല്‍ ജില്ലാ പഞ്ചായത്തിന്‍റെ ദാരിദ്ര്യ ലഘൂകരണ വിഭാഗമായി മാറിയത്. പ്രൊജക്റ്റ് ഡയറക്ടര്‍ ആണ് ഓഫീസ് മേധാവി. ഈ ഓഫീസ് കോട്ടയം സിവിൽ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന, സംയോജിത നീര്‍ത്തട പരിപാലന പരിപാടി, സന്‍സദ് ആദര്‍ശ് ഗ്രാമ യോജന, ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ എന്നീ പദ്ധതികളാണ് ഈ ഓഫീസ് മുഖേന മോണിറ്റര്‍ ചെയ്തു വരുന്നത്. കൂടാതെ പ്രധാന മന്ത്രി ഗ്രാമീണ്‍ സഡക് യോജന, നബാര്‍ഡ് ആര്‍.ഐ.ഡി.എസ്, ഹില്‍ ഏരിയ ഡെവലപ്പ്മെന്‍റ് സ്കീം, മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന എന്നീ പദ്ധതികളുടെയും നിര്‍വഹണ മേല്‍നോട്ടം പി.എ.യു മുഖേന നടത്തി വരുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തില്‍ വന്നത് 2005ല്‍ ആണ്. കോട്ടയം ജില്ലയില്‍ 2007 മുതല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനാരംഭിച്ചത്. അവിദഗ്ദ കായിക തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള, പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഏതൊരു ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതി. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമുഹ്യ സാമ്പത്തിക പുരോഗതിയും സാമൂഹ്യ സമത്വവും ഉറപ്പാക്കുക, പ്രാദേശികമായ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുക, സ്ത്രീ പുരുഷ അസമത്വം കുറയ്ക്കുക, തുല്യ ജോലിക്ക് തുല്യ വേതനം, നഗരങ്ങളിലേക്കുളള കുടിയേറ്റം തടയുക, മണ്ണ്-ജലം-ജൈവസമ്പത്ത്-പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ഉറപ്പാക്കി കാര്‍ഷിക മേഖല ശക്തിപ്പെടുത്തുക, ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക മുതലായ വിപുലമായ ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്ക് ഉള്ളത്.
ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ മേല്‍നോട്ടം നടത്തുന്നു. പദ്ധതി നിര്‍വഹണത്തിനായി ഗ്രാമ/ബ്ലോക്ക് തലങ്ങളില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരും അക്രെഡിറ്റഡ് ഓവര്‍സിയര്‍മാരും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുമടങ്ങിയ സ്റ്റാഫ് സംവിധാനമുണ്ട്.
അവിദഗ്ദജോലി ചെയ്യാന്‍ തയ്യാറുള്ള പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും തൊഴില്‍ കാര്‍ഡ് എടുത്ത് ഈ സ്കീമിന്‍റെ ഗുണഭോക്താവ് ആകാവുന്നതാണ്.
ജില്ലാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ : ജില്ലാ കളക്ടര്‍
അസി. ജില്ലാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ : പ്രൊജക്റ്റ് ഡയറക്ടര്‍, പി.എ.യു
ഫോൺ നമ്പർ : 0481 2300430
ഇമെയില്‍ : drdakottayam@gmail[dot]com
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ :
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭാരത സർക്കാർ : https://nrega.nic.in/netnrega/home.aspx
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേരള സർക്കാർ: https://www.nregs.kerala.gov.in/
പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)
2016-17 മുതല്‍ 2018-19 വരെയുള്ള 3 വര്‍ഷക്കാലയളവില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഭവനരഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍). 2011ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസില്‍ ഭവന രഹിതരായി കണ്ടെത്തിയവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. കേന്ദ്ര/സംസ്ഥാന ധനസഹായമായി 60:40 അനുപാതത്തില്‍ സമതല പ്രദേശങ്ങളില്‍ 120000/- രൂപയും ദുര്‍ഘട പ്രദേശങ്ങളില്‍ 130000/- രൂപയുമാണ് നല്‍കുന്നത്. വീടിനൊപ്പം ശുചിമുറി നിര്‍മ്മിക്കുന്നതിനും ധനസഹായം നല്‍കുന്നു. കേന്ദ്ര/സംസ്ഥാന ധനസഹായത്തിനു പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും ഡിപ്പാര്‍ട്ട്മെന്‍റ് വിഹിതവും കൂടി ചേര്‍ത്ത് പൊതു വിഭാഗത്തിന് 200000/- രൂപയും, പട്ടികജാതി വിാഗത്തിന് 300000/- രൂപയും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 350000/- രൂപയുമാണ് ലഭിക്കുന്നത്. ഇതിനു പുറമെ തൊഴിലുറപ്പു പദ്ധതിയുമായി കണ്‍വര്‍ജ് ചെയ്ത് 90 തൊഴില്‍ദിനങ്ങള്‍ വീടു നിര്‍മ്മാണത്തിനായി
ലഭ്യമാക്കുകയും ചെയ്യുന്നു.
ലൈഫ് പദ്ധതിയുടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ജനറല്‍ / പട്ടികജാതി വിഭാഗങ്ങളുടെ യൂണിറ്റ് കോസ്റ്റ് 4,00,000/- രൂപയും, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടേത് തേഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സി അംഗീകരിക്കുന്ന യഥാര്‍ത്ഥ നിര്‍മ്മാണ ചിലവുമായി വര്‍ദ്ധിപ്പിക്കുകയും, കേന്ദ്ര / സംസ്ഥാന വിഹിതത്തിന് ഉപരിയായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നും കണ്ടെത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് കരാര്‍ വെക്കേണ്ടത്.
പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) യുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ :
പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), ഭാരത സർക്കാർ: https://pmayg.nic.in/netiay/home.aspx
ലൈഫ് മിഷൻ, കേരളം സർക്കാർ: https://lifemission.kerala.gov.in/
സംയോജിത നീര്‍ത്തട പരിപാലന പരിപാടി / പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (വാട്ടര്‍ഷെഡ്)
ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കി വരുന്ന നിര്‍ത്തട പരിപാലന പദ്ധതിയാണ് സംയോജിത നീര്‍ത്തട പരിപാലന പരിപാടി. ഗാര്‍ഹിക ഉപയോഗത്തിനും കൃഷിക്കും തോട്ട വിളകള്‍ക്കും മൃഗപരിപാലനത്തിനും മുറ്റുമായി ഓരോ തുള്ളി മഴവെള്ളവും ശരിയായ രീതിയില്‍ വിനിയോഗിച്ച് ജലസ്വയംപര്യാപ്തത കൈവരിക്കുകയും; അതുവഴി തൊഴില്‍ സാധ്യതയും ജീവിത നിലവാരവും ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. സമഗ്ര സമീപനം എന്ന നിലയില്‍ നീര്‍ത്തട പ്രദേശങ്ങളിലെ ഉല്‍പാദന വ്യവസ്ഥയുടെ വികസനവും ജീവനോപാധികള്‍, ചെറുകിട സംരംഭങ്ങള്‍ക്കുള്ള സഹായം എന്നിവയുടെ വിതരണവും ഐ.ഡബ്ല്യു.എം.പിയുടെ ഭാഗമായി നല്‍കുന്നു. ചെറിയ നീര്‍ത്തടങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്നതിന് പകരം 1000 മുതല്‍ 5000 ഹെക്ടര്‍ വരെ വസ്തൃതിയുള്ള പ്രദേശത്തെ ചെറുനീര്‍ത്തടങ്ങളുടെ ഒരു കൂട്ടമാണ് ഐ.ഡബ്ല്യു.എം.പിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് പ്രൊഫഹണലുകളടങ്ങിയ ടീമുകള്‍ ബ്ലോക്ക്, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ സജ്ജമാണ്.
ജില്ലയില്‍ അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, വേങ്ങര, വണ്ടൂര്‍ ബ്ലോക്കുകളിലായി 6 പ്രൊജക്റ്റുകളാണ് ജില്ലയില്‍ നിര്‍വഹണത്തിലുള്ളത്.
2017 മുതല്‍ ഈ പദ്ധതി പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എന്ന പദ്ധതിയുടെ വാട്ടര്‍ഷെഡ് കോമ്പോണന്‍റ് ആയി ആണ് നടപ്പാക്കി വരുന്നത്.
സംയോജിത നീര്‍ത്തട പരിപാലന പരിപാടി / പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (വാട്ടര്‍ഷെഡ്) യുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ:
സംയോജിത നീര്‍ത്തട പരിപാലന പരിപാടി / പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (വാട്ടര്‍ഷെഡ്),ഭാരത സർക്കാർ : https://pmksy.gov.in/
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന
എം.പിമാര്‍ അവരുടെ മണ്ഡലത്തില്‍ നിന്നും ഓരോ ഗ്രാമ പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കുകയും അവിടെ വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കി പ്രദേശത്തിന്‍റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച കേന്ദ്ര പദ്ധതിയാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന. 2014ല്‍ ഈ പദ്ധതിയുടെ ഒന്നാം ഘട്ടവും 2016ല്‍ രണ്ടാം ഘട്ടവും ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ 2019ഓടു കൂടി മാതൃകാ ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ പദ്ധതിക്ക് പ്രത്യേക ഫണ്ട് അലോക്കേഷന്‍ ഇല്ല. പകരം നിലവിലുള്ള വിവിധ പദ്ധതികളുടെ ഫണ്ട്, എം.പി പ്രാദേശിക വികസന പദ്ധതി ഫണ്ട്, ഗ്രാമ പഞ്ചായത്ത് തനത് ഫണ്ട്, ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്‍റ്, കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി ഫണ്ട് എന്നിവയുപയോപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കേണ്ടത്.
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന യുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ:
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന, ഭാരത സർക്കാർ: http://saanjhi.gov.in/
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍
തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളുടെ ക്ലസ്റ്ററില്‍ സമഗ്ര വികസന പദ്ധതികള്‍ നടപ്പാക്കുക വഴി പ്രദേശത്തിന്‍റെ സാമൂഹ്യവും സാമ്പത്തികവുമായ വികസനം സാധ്യമാക്കുകയും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുകയും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി ഗ്രാമ നഗര വ്യത്യാസം കുറച്ചുകൊണ്ടു വരികയും ചെയ്യുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. ജില്ലയില്‍ നിന്നും ആദ്യഘട്ടത്തില്‍ എടപ്പാള്‍ വട്ടംകുളം ക്ലസ്റ്ററും രണ്ടാം ഘട്ടത്തില്‍ താനാളൂര്‍-നിറമരുതൂര്‍ ക്ലസ്റ്ററുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ :
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍, ഭാരത സർക്കാർ: https://rurban.gov.in/