അടയ്ക്കുക

കുമരകം

ദിശ
വിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യം, വിനോദം

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറില്‍ നടത്തിയ സന്ദർശനത്തോടുകൂടി കുമരകം ദേശീയ അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി. കോട്ടയം പട്ടണത്തില്‍ നിന്നും പടി‍ഞ്ഞാറുഭാഗത്തായി  14 കി.മീ അകലത്തിലുള്ള ഒരു ചെറിയ ഗ്രാമമാണ് കുമരകം. സമുദ്ര നിരപ്പിനു താഴെയായി കായലില്‍ നിരവധി ചെറു ദ്വീപുകളുള്ള കുട്ടനാട് എന്ന അത്ഭുതനാടിൻറെ ഭാഗമാണ് കുമരകവും. 5166 ഹെക്ടര്‍ വിസ്തീർണ്ണമുള്ള കുമരകം വില്ലേജില്‍ 2418 ഹെക്ടര്‍ കായലും 1500 ഹെക്ടര്‍ നെൽപ്പാടങ്ങളും ബാക്കിയുള്ള 1253 ഹെക്ടര്‍ കരഭൂമിയുമാണുള്ളത്. കണ്ടല്‍ കാടുകളുടെയും മരതകപച്ച വിരിച്ച നെൽപ്പാടങ്ങളുടെയും, കേരനിരകളുടെയും ഇടയിലൂടെയുള്ള മനം മയക്കുന്ന ജലപാതകളാലും, അവയിലെ അലങ്കാരമായ വെള്ള ആമ്പൽപ്പൂക്കളാലും, അവിസ്മരണീയ മായ മനോഹാരിതയുടെ പറുദീസയാണ് കുമരകം. വേമ്പനാട് കായലിലുള്ള ഈ ചെറിയ ജലലോകത്ത് ധാരാളം നാടന്‍ വള്ളങ്ങളും, വഞ്ചികളും, ചെറുതോണികളും നിങ്ങളെ കേരളത്തിൻറെ പ്രകൃതിഭംഗിയുടെ ഹൃദയത്തിലേക്ക് നയിക്കും. ഇവിടെയുള്ള റിസോർട്ടുകൾ സുഖകരമായ താമസ സൗകര്യവും വിനോദോപാധികളായ ബോട്ടിംഗ്, മീന്‍ പിടുത്തം, നീന്തല്‍, യോഗ, ധ്യാനം എന്നിവയും വാഗ്ദാനം ചെയ്യുന്നു.

കുമരകത്തിൻറെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ ഹെൻട്രി ബേക്കര്‍ എന്ന ഇംഗ്ലീഷുകാരന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും 104 ഏക്കര്‍ ഭൂമി വാങ്ങുകയും തൻറെ താമസത്തിനായി ബംഗ്ലാവും മനോഹരമായ പൂന്തോട്ടവും ഇവിടെ നിർമ്മിക്കുകയുണ്ടായി. ഈ ബംഗ്ലാവിൻറെ പൗരാണികത നിലനിർത്തിക്കൊണ്ടു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച് താജ് ഗാർഡൻ റിട്രീറ്റ് എന്ന ഹോട്ടല്‍ ഇതില്‍ പ്രവർത്തിക്കുന്നു. കേരളാ ടൂറിസം വികസന കോർപ്പറേഷൻറെ നേതൃത്വത്തില്‍ ടൂറിസ്റ്റ് കോംപ്ലക്സും, എ.സി.കോട്ടേജുകളും, ഒഴുകുന്ന ഭക്ഷണ ശാലയും, കൂടാതെ ജലയാത്രയ്ക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചിരിക്കുന്നു. കോക്കനട്ട് ലഗൂണ്‍ ഇവിടുത്തെ മനോഹരമായ റിസോർട്ടാണ്.

ചിത്രസഞ്ചയം

  • കുമരകം നെൽപ്പാടങ്ങൾ
    കുമരകം നെൽപ്പാടങ്ങൾ
  • കുമരകം വഞ്ചിവീട്‍
    കുമരകം
  • കുമരകം
    കുമരകം

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

സമീപത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം , എറണാകുളം ജില്ല (74.3 കി.മി.) & തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം ജില്ല (163.8 കി.മി.)

ട്രെയിന്‍ മാര്‍ഗ്ഗം

റെയിൽവേ സ്റ്റേഷൻ കോട്ടയം. (16 കി.മി.) (അന്വേഷണം: 0481-2563535, 0481-2567360, 0481-2567491)

റോഡ്‌ മാര്‍ഗ്ഗം

കെ എസ് ആർ ടി സി കോട്ടയം (15 കി.മി.) (അന്വേഷണം: 0481 2562908)